ഓണക്കാലത്ത്  തൃക്കാക്കരക്കൊപ്പം പ്രാധാന്യമുള്ള ഒരു വാമന ക്ഷേത്രമുണ്ട് കോട്ടയം വെള്ളൂരില്‍. മഹാബലി വാമനനെ കാല്‍ കഴുകി സ്വീകരിച്ച സ്ഥലമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം. പെരുന്തച്ചനാണ് ക്ഷേത്രം നിര്‍മ്മിച്ചത്. വാമനമൂർത്തിയുടെ കാൽ കഴുകിച്ച് സ്വീകരിച്ചിരുത്തിയ ഊര് തിരുവെള്ളൂരായെന്നും പിന്നീടത് ലോപിച്ച് വെള്ളൂർ ആയെന്നുമാണ് പഴമക്കാർ പറയുന്നത്.

ബാലഭാവത്തിലുള്ള വാമനമൂർത്തിയാണ് പ്രതിഷ്ഠ. തപസിരിക്കുന്നതിനായി മൂന്നടി ഭൂമി വാമനൻ ദാനമായി മഹാബലിയോടുചോദിച്ചത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം. മധ്യകേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ വെള്ളൂർ മാവനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ നാളിലാണ് വിശേഷം. ഭൂമി സംബന്ധമായ ദോഷങ്ങൾ തീർക്കാൻ അന്ന് നടക്കുന്ന ഭൂമി പൂജയിൽ പങ്കെടുത്താൽ മതിയെന്നാണ് വിശ്വാസം.