സുഭാഷ് ചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സമുദ്രശിലയുടെ ഇരുപതാം പതിപ്പ് ബൗണ്ട് എഡിഷന്‍ പ്രകാശനം ചെയ്തുകൊണ്ടാണ് മാതൃഭൂമി ബുക്സ് പുസ്തകോത്സവം കോഴിക്കോട്ട്‌ ആരംഭിച്ചത്. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്ത പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി വന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാട് ആയിരുന്നു. സുഭാഷ് ചന്ദ്രന്റെ തിരക്കഥയായ 'ജന്മ'വും ഈയവസരത്തില്‍ പ്രകാശിപ്പിക്കുകയുണ്ടായി. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വാക്കുകള്‍:


''ഞാനിവിടെ വന്നപ്പോള്‍ എന്നോട് ചോദിച്ചു, സ്ത്രീകളെക്കുറിച്ച് മോശമായിട്ടു പറഞ്ഞിട്ടുണ്ടല്ലോ, സ്ത്രീകള്‍ ഉപദ്രവിച്ചു എന്നു പറയുന്നതെന്താണ്. ഞാന്‍ പറഞ്ഞു; ശരിയാണ്. എന്നെ കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ദ്രോഹിച്ചിട്ടുള്ളത് എന്റെ അമ്മ, അമ്മൂമ്മ, ചെറിയമ്മ തുടങ്ങി വീട്ടിലെ സ്ത്രീകളാണ്. ശാരീരികമായിട്ടും മാനസികമായിട്ടും ദ്രോഹിച്ച് പീഡിപ്പിച്ചിട്ടുള്ളത് അവരാണ്. ആ അനുഭവമാണ് ഞാന്‍ എഴുതിയത്. ആ അനുഭവം എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല. പക്ഷേ എന്റെ അനുഭവം അതാണ്. എനിക്കതുകൊണ്ട് സ്ത്രീകളെ പേടിയാണ്. കാരണം അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ. അത്ര വലിയ ദുഷ്ടതകള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നും ഞാന്‍ അനുഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്. എന്റെ അനുഭവം മാറാത്തിടത്തോളം കാലം എന്റെ ഉള്ളില്‍ ആ കിടിലം ഉണ്ടായിരിക്കും. ഏതു സ്ത്രീയെ കാണുമ്പോഴും എനിക്കെന്റെ അമ്മയെയും അമ്മൂമ്മയെയും എല്ലാം ഓര്‍മവരും. അവരുടെ ആ കണ്ണുകളിലെ നിധനതൃഷ്ണ എനിക്കോര്‍മ വരും. നിധനതൃഷ്ണ എന്നത് സൗമ്യമാക്കി പറഞ്ഞാല്‍ കൊല്ലാനുള്ള ആഗ്രഹം എന്നാണര്‍ഥം. അതെന്റെ അനുഭവമാണ്. ഞാനത് പറയും.''