വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ കോവിഡ് ലോകത്തെ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലും കോവിഡിന്റെ കുതിപ്പ് തുടരുകയാണ്. വേദനിപ്പിക്കുന്ന നിരവധി ദൃശ്യങ്ങളും വാർത്തകളും ദിനംപ്രതി പുറത്തുവരുന്നുണ്ട്. അതിനിടയിലേക്കാണ് മനുഷ്യത്വത്തിന്റെ പ്രതീകമായ ഒരു കാഴ്ച വൈറലായത്. കോവിഡ് രോ​ഗിയെ ബൈക്കിനു നടുവിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സന്നദ്ധ പ്രവർത്തകരാണ് വീഡിയോയിലുണ്ടായിരുന്നത്. ആലപ്പുഴ ഭ​ഗവതിക്കൽ ഡിവൈഎഫ്ഐ യൂണിറ്റ് അം​ഗങ്ങളായ രേഖ പി.മോളും അശ്വിൻ കുഞ്ഞുമോനുമാണ് വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ ആരോ​ഗ്യസംവിധാനത്തെ പഴിപറഞ്ഞും ആംബുലൻസ് എത്താൻ വൈകിയതുമൊക്കെ വിമർശിച്ച് ചിലർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരുടേയും സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ടു മാത്രമാണ് രോ​ഗിയുടെ ജീവൻ നിലനിർത്താനായതെന്നും അൽപം വൈകിയിരുന്നെങ്കിൽ ജീവൻ വെടിഞ്ഞേനെ എന്നും ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഇരുവരേയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രക്ഷപ്പെട്ട യുവാവിന്റെ കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മറുത്തൊന്നു ചിന്തിക്കാതെ ഒരു ജീവൻ രക്ഷിക്കാനായ അനുഭവത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് രേഖയും അശ്വിനും.