രയ്ക്കാൻ കഴിവുണ്ടെന്ന് വച്ച് ഇത്രയും അഹങ്കാരം പാടില്ല... കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ഒരു കയ്യൊപ്പിന്റെ സ്ക്രീൻഷോട്ടിനൊപ്പം ചേർത്ത വാചകമാണിത്.  മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും സെക്രട്ടറിയുമായ ജയൻ എം.കെയുടേതാണീ ചിത്രംവരച്ച പോലുള്ള കയ്യൊപ്പ്. ഔദ്യോഗിക രേഖകളിലൊന്നിൽ ചാർത്തിയ ഒപ്പാണ് ആരോ ഫോട്ടൊയെടുത്ത് നവമാധ്യമങ്ങളിൽ വൈറലാക്കിയത്.

എല്ലാവരെയുംപോലെ “പത്താംക്ലാസിൽ അധ്യാപികയുടെ നിർദേശപ്രകാരമാണ് ഒപ്പിടാൻ ശ്രമിച്ചത്. വെറുതേ പേരെഴുതി അടിയിൽ ഒരുവരയും വരച്ചൊരു ഒപ്പിടരുതെന്ന് അന്ന് ടീച്ചർ പറഞ്ഞിരുന്നു. നാളെ ഒപ്പിട്ടു പഠിച്ചുവരണമെന്ന നിർദേശവും. അന്ന് അല്പം ചിത്രംവരയൊക്കെയുണ്ട്. അതിനാൽ പരമാവധി ഭംഗിയാക്കി ഒപ്പിട്ടു....’’- ഒപ്പിട്ടു തുടങ്ങിയ കഥ ജയൻ പറയുന്നു.

അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവുമില്ലാതെ ഒപ്പിടും. ഇപ്പോൾ ഔദ്യോഗികാവശ്യങ്ങളുടെ തിരക്കിൽ ദിവസേന നൂറുകണക്കിന് ഒപ്പിടേണ്ടിവരും. എന്നാലും എല്ലാം ഒരുപോലിരിക്കും. ഒപ്പിട്ടുകൊടുക്കുമ്പോൾ ചിലർ ശ്രദ്ധിക്കുന്നത് കാണാറുണ്ട്. വലിയ ഒപ്പുള്ളവർ ചുരുക്കിയെഴുതാനൊരു ഒപ്പുമുണ്ടാക്കും. തനിക്ക് അതില്ല, ഒരൊറ്റ ഒപ്പേയുള്ളൂവെന്ന് ജയൻ പറയുന്നു. ചെറിയ കോളത്തിൽ ഈ സുന്ദരൻ ഒപ്പിടാൻ അല്പം പ്രയാസമുണ്ട്. ബിൽബുക്കുകൾ ശരിക്കും കുഴപ്പിക്കും. എന്നാലും അല്പം വിസ്തരിച്ച് ഭംഗിയോടെ ഈ ഒപ്പുതന്നെ മതിയെന്നാണ് ജയന്റെ പക്ഷം.