ദിസും ദാറ്റുമായിരുന്നു പ്രശ്നമുണ്ടാക്കിയതെന്ന് വയനാട്ടിൽ നിന്നുള്ള വൈറൽ വീഡിയോയിലെ കുഞ്ഞുതാരം സൻഹ. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി തന്നെ സൻഹയെ വിളിച്ചത് വലിയ വാർത്തയായിരുന്നു. ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത സ്കൂളിലേക്ക് പോകുന്ന സന്തോഷത്തിലാണിപ്പോൾ ഈ വൈറൽ കുഞ്ഞാവ.

പഠിക്കുന്ന കാര്യങ്ങൾ വീഡിയോയായി അധ്യാപകർക്ക് അയച്ചുകൊടുക്കണം. അങ്ങനെ വീഡിയോ എടുക്കാനൊരുങ്ങുമ്പോഴാണ് വൈറൽ വീഡിയോ പിറന്നതെന്ന് ഉമ്മ പറയുന്നു. വീഡിയോ എടുക്കാൻ നേരത്താണ് സൻഹ കൂട്ടുകാരിക്കൊപ്പം കളിക്കാൻ പോകാൻ തുടങ്ങിയത്. ആ പ്രദേശത്തൊക്കെ കോവിഡായിരുന്നു. അതുകൊണ്ട് പുറത്ത് കളിക്കാൻ പോകാൻ പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് മോൾ അങ്ങനെ പ്രതികരിച്ചത്. ആ സമയം വീഡിയോ റെക്കോർഡായി പോവുകയും ചെയ്തിരുന്നു. അവസാനത്തെ ആ ഡയലോ​ഗ് സൻഹ അങ്ങനെ പറയുമെന്ന് വിചാരിച്ചില്ലെന്നും അവർ പറഞ്ഞു.