വേങ്ങരയിലും അലയടിച്ച് ജിമിക്കി കമ്മല്‍

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ജിമിക്കി കമ്മല്‍ പാട്ട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തിലും അലയടിക്കുകയാണ്. 

ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങളള്‍ക്കായി ജിമിക്കി കമ്മലിന്റെ വ്യത്യസ്ത  വേര്‍ഷനുകളാണ് റെക്കോര്‍ഡിങ് സ്റ്റുഡിയോക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. 

ഇരട്ടച്ചങ്കനും, കുഞ്ഞാപ്പയും, കുഞ്ഞൂഞ്ഞും കണ്ണന്താനവുമൊക്കെ പാരഡിയില്‍ നിറഞ്ഞു നില്‍ക്കുന്നു. 

വിലകയറ്റവും മദ്യനയവുമൊക്കെയാണ് യുഡിഎഫ് പ്രചാരണ ഗാനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതെങ്കില്‍. ഇടത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വേങ്ങരയിലെ വികസന മുരടിപ്പുമാണ് എല്‍ഡിഎഫ് ഗാനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 മുന്നണികള്‍ മത്സരിച്ച് ഗാനങ്ങളിറക്കുന്നതോടെ റെക്കോര്‍ഡിങ് സ്റ്റുഡിയോക്കാരും തിരക്കിലായി. പ്രചാരണ വാഹനങ്ങളില്‍ അനൗന്‍സ്മെന്റുകളേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നതും ഇത്തരം പാരഡി ഗാനങ്ങളാണ്. സിനിമാ ഗാനങ്ങള്‍ക്കൊപ്പം മാപ്പിള ആല്‍ബം പാട്ടുകളുടേയും പാരഡി ഗാനങ്ങളും വേങ്ങരയില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ആവേശം പ്രവാസികളിലേക്കെത്തുന്നതും വാട്സ്ആപ്പിലൂടെ എത്തുന്ന പാരഡിഗാനങ്ങള്‍ വഴിയാണ്. ഗാനങ്ങള്‍ക്ക് പ്രവാസികള്‍ ചേര്‍ന്ന് താളമിട്ട് അഭിനയിക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിലുടെ പ്രചരിക്കുന്നു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.