കലാപരമായ ഒരു അതിജീവനത്തിന്റെ കഥയാണിത്. മൂന്നുകഥാപാത്രങ്ങൾ... കൊല്ലം ആശ്രാമത്ത് ആർട്ട് ഗാലറി നടത്തുന്ന ഷിമൂൺ, ഭാര്യ ചിത്രകാരിയായ അഞ്ജന, നഴ്സറി വിദ്യാർഥിയായ മകന് ജുവാൻ. അഞ്ജന വരയ്ക്കും. ഷിമൂൺ ചിത്രങ്ങൾ വിൽക്കും. പ്രദർശനങ്ങൾക്കുപുറമേ ഹോട്ടലുകൾ, വീടുകൾ, ടൂറിസം കേന്ദ്രങ്ങൾ... എല്ലായിടത്തും ചിത്രങ്ങൾ വിറ്റുപോയി. ഷിമൂൺ വിവാഹ ആൽബങ്ങളുടെ ഫ്രെയിമിങ് ജോലിയും ഏറ്റെടുത്തു. ആഗ്രഹിച്ച വരുമാനവും ഇഷ്ടപ്പെട്ട ജോലിചെയ്യുന്നതിലെ സംതൃപ്തിയും കുഞ്ഞുകുടുംബത്തിൽ സന്തോഷം നിറച്ചു.

കോവിഡ് അടച്ചിടലിൽ പക്ഷേ, എല്ലാം തകിടംമറിഞ്ഞു. പെട്ടെന്ന് വരുമാനം പൂർണമായി നിലച്ചപ്പോൾ ഷിമൂണും അഞ്ജനയും കോവിഡിന്റെ ചൂടും വേവുമറിഞ്ഞു. ജീവിതമാർഗത്തെപ്പറ്റിയുള്ള ആലോചനയിൽ മീൻവിൽക്കാൻ തീരുമാനിച്ചു. രണ്ടാംകുറ്റിയിൽ ട്യൂണ എന്നപേരിൽ ചെറിയ മീൻകട തുടങ്ങി. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മീന് വീട്ടിലെത്തിച്ചായിരുന്നു പ്രധാന കച്ചവടം. അതിനൊപ്പം പൊരിച്ചമീനും വിറ്റാലോ എന്നായി അടുത്തചിന്ത. പലതരം മീൻവിഭവങ്ങൾ നിറച്ച പൊതിച്ചോറ് വിറ്റുതുടങ്ങി. കച്ചവടം പച്ചപിടിച്ചപ്പോൾ ട്യൂണ സീഫുഡ് റെസ്റ്റോറന്റായി അത് വളർന്നു. 

തൊട്ടുചേർന്നുള്ള ഫിഷ് സ്റ്റാളിൽനിന്ന് മീൻ വാങ്ങി റസ്റ്റോറന്റില് കൊടുത്താൽ അപ്പോൾ തന്നെ വൃത്തിയാക്കി പാകംചെയ്തു കൊടുക്കും. അതുകൊണ്ടുതന്നെ ഈ അടുക്കളതേടി പതിവായെത്തുന്നവരുണ്ട്. റസ്റ്റോറന്റിൽ തിരക്കേറി, വരുമാനവും. എങ്കിലും ചിത്രകലയെ കൈവിടാൻ ഇവർക്കാവില്ല.