തൃശൂര്‍പൂരത്തിന്റെ പ്രൗഢിക്കും പെരുമയ്ക്കും മാറ്റുകൂട്ടുന്നതാണ് പൂരപ്പന്തലുകള്‍. നായ്ക്കനാല്‍, മണികണ്ഠനാല്‍ പന്തലും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെ പൂരപ്പന്തലുകളും ഒന്നിനൊന്ന് കിടപിടിക്കുന്നവ. ഓരോ വര്‍ഷവും ഓരോ പുതുമ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ തമ്മില്‍ മത്സരമാണ്. 

മിണാലൂര്‍ ചന്ദ്രന്‍ എന്ന വ്യക്തിയാണ് വര്‍ഷങ്ങളായി തിരുവമ്പാടി ക്ഷേത്രത്തിന് വേണ്ടി പൂരപ്പന്തല്‍ ഒരുക്കുന്നത്. ഇത്തവണയും ചന്ദ്രന്‍ പതിവ് തെറ്റിച്ചില്ല. പന്തലൊരുക്കി. പക്ഷേ കാര്‍ഡ്‌ബോര്‍ഡില്‍ മാതൃകയായി മാത്രം. പൂരം കോവിഡ് കാലത്ത് നിര്‍ത്തിവെച്ചപ്പോള്‍ പൂരത്തിനായി തയ്യാറാക്കിയ നിര്‍മ്മാണ മാതൃക ഭഗവാന് സമര്‍പ്പിക്കുകയാണ് ചന്ദ്രന്‍. തിരുവമ്പാടിക്ക് വേണ്ടിയും, നായ്ക്കനാലിലും നടുവിലാലിലും എല്ലാം ചന്ദ്രന്റെ പന്തലൊരുങ്ങാറുണ്ട്.