വാദ്യമേളങ്ങളും കമ്പരാമായണത്തിന്റെ തമിഴ് ശീലുകളും മുഴങ്ങുന്ന അന്തരീക്ഷം. ഒരു കാലത്ത് ഭദ്രകാളി ക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളില്‍ നിറ സദസ്സില്‍ നടന്നുവന്ന തോല്‍പാവക്കൂത്ത് കാലാന്തരത്തില്‍ ജനപ്രീതി നഷ്ടപ്പെട്ട കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിലൊന്നാണ്. ക്ഷേത്രാചാരങ്ങളുടെ പിന്‍ബലത്തിലാണ് തോല്‍പാവക്കൂത്ത് ഇത്രയും നാള്‍ നിലനിന്നു പോന്നത്. റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തില്‍ തോല്‍പാവക്കൂത്തിനെ പരിചയപ്പെടുത്താനുള്ള വഴിതേടുകയാണ് പാലക്കാട് ജില്ലയില്‍ പുലവര്‍ എന്നറിയപ്പെടുന്ന തോല്‍പാവക്കൂത്ത് കലാകാരന്മാരില്‍ പുതിയ തലമുറക്കാരിലൊരാളായ സജീഷ് പുലവരും അച്ഛന്‍ ലക്ഷ്മണ പുലവരും.