ആനയും പൂരവും മേളവും സമന്വയിക്കുന്ന ഉത്സവപ്രപഞ്ചത്തെ തങ്ങളുടെ ആത്മാവിനോട് ചേർത്തുവെച്ച് ആഘോഷിക്കുന്ന മലയാളി മനസുകൾക്ക് മുന്നിൽ യാതൊരു മുഖവുരയുടെയും ആവശ്യമില്ലാത്ത ആനത്താരം. അടുപ്പക്കാരുടെ പ്രിയപ്പെട്ട അപ്പൂസ്. ആരാധകരുടെ കണ്ണിലുണ്ണിയും ആവേശക്കൊടുമുടിയുമായ പാമ്പാടി രാജൻ..... ആനക്കേരളത്തിന്റെ ഗജലക്ഷണപ്പെരുമാൾ...... ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് രാജന്.
നാട്ടാനകളും, വരത്തൻമാരെന്ന് ആനക്കേരളം പൊതുവെ വിളിക്കുന്ന, ബീഹാറികളും ആസാമികളുമെല്ലാം ഇന്ന് കേരളത്തിലുണ്ട്. വരത്തൻമാരായ ആനകളിൽ പലരെയും അരിയിട്ട് വാഴിച്ചിട്ടുണ്ടെങ്കിലും ഗജലക്ഷണങ്ങളെന്നാൽ അല്ലെങ്കിൽ ലക്ഷണശ്രീമാനെന്നാൽ അത് സഹ്യപുത്രന്മാരായ നാട്ടാനകൾക്ക് മാത്രമാണെന്ന പിടിവാശിയുള്ളവരാണ് ആനപ്രേമികൾ. അക്കൂട്ടത്തിൽ ആനകളുടെ ലക്ഷണത്തികവുകളെ കുറിച്ച് വർണിക്കുന്ന ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഒട്ടുമിക്ക ലക്ഷണവും ഒത്തിണങ്ങിയ ഗജശ്രേഷ്ടൻ. മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണത്തികവുകളുടെ കല്ലിൽകൊത്തിവെച്ച പ്രതിരൂപം. എന്തിനേറെ പറയുന്നു സ്വന്തമായി വിക്കിപീഡിയ പേജുവരെയുണ്ട് രാജന്. സംശയമുളളവർക്ക് ഗൂഗിളിൽ കയറി പാമ്പാടി രാജനെന്ന് സെർച്ച് ചെയ്തു നോക്കാം.
കോടനാട് ആനക്കളരിയുടെ എക്കാലത്തെയും മികച്ച കണ്ടെത്തലാണ് രാജൻ. 1977-ൽ നടന്ന ലേലത്തിലാണ് കോട്ടയം പാമ്പാടി മൂടൻകല്ലുങ്കൽ ബേബി എന്ന എം.എ തോമസ് രാജനെ സ്വന്തമാക്കുന്നത്. അന്ന് 25,000-ൽ താഴെ വരുന്ന ഒരു തുകയ്ക്കാണ് തോമസ് രാജനെയും കൊണ്ട് മൂടൻകല്ലുങ്കൽ തറവാട്ടിലേക്ക് പോന്നത്. അന്ന് മൂന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിക്കുറുമ്പനെ കുപ്പിപ്പാല് കൊടുത്താണ് തോമസും ഭാര്യ ലീലാമ്മയും വളർത്തിയത്. വനംവകുപ്പിന്റെ രേഖകളിലെ അന്നത്തെ മൂന്ന് വയസുകാരൻ സെബാസ്റ്റ്യൻ ചെക്കന് രാജനെന്ന പേര് നൽകുന്നതും ലീലാമ്മ തന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..