മുത്തൂ... എന്ന് ചുണ്ടാമ്മ നീട്ടിവിളിച്ചാൽ എവിടെയാണെങ്കിലും ഓടിയെത്തും ഈ ചുണക്കുട്ടി കാട്ടുപന്നി. ചോറും ഗോതമ്പും മധുരം കൂട്ടിയുള്ള കട്ടനുമാണ് അവളുടെ ഇഷ്ടഭക്ഷണം. നാട്ടിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നുവെന്ന പരാതികൾക്കിടെയാണ് ഈ അപൂർവ സൗഹൃദം ചർച്ചയാകുന്നത്.

മൂന്നു വർഷങ്ങൾക്കു മുമ്പാണ് വയനാട്ടുകാരി ചുണ്ടയ്ക്ക് പുല്ലു പറിക്കുന്നതിനിടെ ഒരു പന്നിക്കുട്ടിയെ കിട്ടിയത്. പാലു കൊടുത്ത് സ്വന്തം കുഞ്ഞിനെ പോലെ ചുണ്ട അവളെ വളർത്തി. ഇപ്പോൾ ഊണിലും ഉറക്കത്തിലുമെല്ലാം ചുണ്ടയ്‌ക്കൊപ്പമുണ്ട് മുത്തു. നാട്ടുകാർക്കൊന്നും മുത്തുവിനെക്കൊണ്ട് ശല്യവുമില്ല.