1500 കൊല്ലങ്ങൾക്കുമുമ്പ് ബൈസന്റൈൻ സാമ്രാജ്യത്തിലും (കിഴക്കൻ റോമാ സാമ്രാജ്യം) വമ്പൻ വീഞ്ഞുശാലകളുണ്ടായിരുന്നു. കാലമേറെക്കഴിഞ്ഞപ്പോൾ മണ്ണിനടിയിൽ അകപ്പെട്ടുപോയ വീഞ്ഞുശാല ഇസ്രയേലിൽ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞരിപ്പോൾ. അന്നും വ്യാവസായിക അടിസ്ഥാനത്തിൽ വീഞ്ഞുണ്ടാക്കിയതിന് തെളിവാണിത്. 

യാവ്‌നെ നഗരത്തിൽ കണ്ടെത്തിയ സമുച്ചയത്തിൽ പ്രതിവർഷം 20 ലക്ഷം ലിറ്റർ വീഞ്ഞുണ്ടാക്കിയിരുന്നുവെന്നാണ് അനുമാനം. അഞ്ച് വീഞ്ഞുനിർമാണ ഉപകരണങ്ങൾ, നാലു പാണ്ടികശാലകൾ, വീഞ്ഞ് ശേഖരിക്കാനുള്ള പതിനായിരക്കണക്കിന് വലിയ മൺകുടങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. രണ്ടുകൊല്ലം നീണ്ട ഖനനത്തിനൊടുവിലാണ് ശാല കണ്ടെത്തിയത്.