ഒരിക്കലെങ്കിലും മിഠായിത്തെരുവിലെത്തിയവർക്ക് സ്വാമിയുടെ കാപ്പി മണം അനുഭവിക്കാതെ മുന്നിലൂടെ കടന്ന് പോവാൻ പറ്റില്ല. ആ കാപ്പി മണം മിഠായിത്തെരുവിന്റെ മണമായിരുന്നു. ആ മണം തേടി മിഠായിത്തെരുവിലെത്തുന്നവരിൽ നാട്ടുകാർ മാത്രമായിരുന്നില്ല , കടലുകടന്നെത്തുന്ന വിനോദസഞ്ചാരികളുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് സ്വാമിയുടെ മുത്തച്ഛന് മുന്നേ തുടങ്ങിയതാണ് സ്വാമി ആന്റ് സൺസ്. ഈ കാപ്പിക്കട കഴിഞ്ഞ 62 വർഷത്തോളമായി നോക്കി നടത്തിയിരുന്ന സ്വാമി അത് അടച്ച് പൂട്ടി വിശ്രമ ജീവിതത്തിന് ഒരുങ്ങുകയാണ്.

മലബാറിൽ ആദ്യമായി കാപ്പിപ്പൊടി പ്രചരിപ്പിച്ചത് തന്റെ പിതൃപരമ്പരയായിരുന്നുവെന്ന് നടരാജൻ അയ്യർ എന്ന സ്വാമി പറയുന്നു.  സ്വാമിയുടെ കാപ്പിപ്പൊടിക്കട അടച്ചുപൂട്ടുന്നതോടെ മിഠായിത്തെരുവിന്റെ തിരുശേഷിപ്പുകളിൽ ഒന്നു കൂടെ ഇല്ലാതാവുകയാണ്. മിഠായിത്തെരുവിന്റെ ചരിത്രത്തിനൊപ്പം നടന്ന, നഗരത്തിൽ ബാക്കിയായ പഴയ കോഴിക്കോടിനേക്കുറിച്ചു പറയുമ്പോൾ സ്വാമി വാചാലനാകുകയാണ്...