എരിഞ്ഞുതീരുന്ന ഓരോ തീപ്പെട്ടിക്കും പറയാൻ ഒരുപാട് കഥകളുണ്ട്. അടുപ്പിലെ തീ പകരൽ മുതൽ ചീട്ടുകളിയെ വെട്ടിക്കുന്ന തീപ്പെട്ടിച്ചിത്രക്കളികൾ വരെ ഗൃഹാതുരതയുടെ ഓർമ്മകളുറങ്ങുന്നുണ്ട് ഓരോ തീപ്പെട്ടിക്കൂടിനുള്ളിലും. ഗ്യാസ് ലൈറ്ററുകൾ കടന്നുവന്നിട്ടും സാധാരണക്കാരുടെ നിത്യജീവിതത്തിൽ ഇന്നും തീപ്പെട്ടിയെ ഒഴിച്ചുകൂടാനാവില്ല. മട്ടും മാതിരിയും മാറി നമ്മുടെ കൈയിലെത്തുന്ന ഓരോ തീപ്പെട്ടിക്കു പിന്നിലും വലിയൊരു മനുഷ്യാധ്വാനമുണ്ട്. 

വില വർദ്ധന നിത്യജീവിതത്തിലെ ഓരോ സാധനത്തിലും പിടി മുറുക്കിയപ്പോഴും തീപ്പെട്ടിയുടെ കാര്യത്തിൽ അത് താരതമ്യേന സാവധാനമായിരുന്നു. 14 വർഷങ്ങൾക്കുശേഷം കമ്പനികൾ തീപ്പെട്ടിക്ക് വില വർദ്ധിപ്പിക്കാനുള്ള ചർച്ചകളിലാണ്. തീപ്പെട്ടി നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളിൽ പലതിനും വില കൂടിയതും ഇന്ധന വില വർദ്ധനയും ചരക്കു നീക്കത്തിന്റെ നികുതിയുമാണ് ഇതിനുള്ള പ്രധാന കാരണങ്ങളായി അവർ ചൂണ്ടിക്കാട്ടുന്നത്.