കോഴിക്കോട്: 'മനുഷ്യനും പട്ടിക്കും ഒരേ കുപ്പത്തൊട്ടിയില്‍ നിന്ന് ഭക്ഷിക്കാം, ഒരേ പീടികക്കോലായില്‍ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാം അതാണു തെരുവ്..' മധുരമുറങ്ങുന്ന മിഠായി തെരുവിനെ നോക്കി എസ്.കെ പൊറ്റക്കാട് ഇങ്ങനെ പറഞ്ഞുവെച്ചപ്പോള്‍ സാമൂഹിക ജീവിതത്തിന്റെ സ്വാതന്ത്രത്തേയും സമത്വത്തേയും കുറിച്ച് നമുക്ക് സംശയമേയുണ്ടായിരുന്നില്ല.
കണ്ണില്‍ കാണാത്ത വൈറസിന് മുന്നില്‍ ഇഷ്ടങ്ങളെ മറന്നിരിക്കുന്നു, മനുഷ്യന്‍. അവനൊഴിച്ച് എല്ലാ ജീവജാലങ്ങളും സ്വതന്ത്രമായപ്പോള്‍ ആരവങ്ങളില്ലാതെ കൂട്ടിലകപ്പെട്ടു, ഈ കോവിഡ് കാലത്ത് മിഠായിത്തെരുവ്. സ്വന്തം കൈവിരലിനെ പോലും വിശ്വാസമില്ലാതെ ഒത്തുചേരലുകളെ, തെരുവന്റെ തിരക്കിലേക്ക് ഊളിയിടുന്ന ഇഷ്ടങ്ങളെ വൈറസിനെ പേടിച്ച് മനുഷ്യന്‍ മാറ്റിനിര്‍ത്തിയതിന് മൂക സാക്ഷിയാവുകയാണ് മറ്റൊരു ഓര്‍മദിനംകൂടി പിന്നിടുമ്പോള്‍ തെരുവന്റെ സ്വന്തം എഴുത്തുകാരന്റെ കല്‍പ്രതിമ.
പൊറ്റക്കാടിന് മുന്നില്‍ മിഠായി തെരുവ് മുഖംമിനുക്കി സുന്ദരമായപ്പോള്‍ കാല്‍ചുവട്ടില്‍ വന്നിരുന്ന് കഥ പറഞ്ഞ് സൗഹൃദം പങ്കിട്ട പുതിയ കാലത്തെ കൂനന്‍ കണാരനും ഇറച്ചിക്കണ്ടം മൊയ്തീനും പെരിക്കാലന്‍ അന്ത്രുവും കേളു മാസ്റ്ററുമെല്ലാം എങ്ങോ പോയ് മറഞ്ഞു. ഉണങ്ങിവരണ്ട ഇരിപ്പിടങ്ങളും തിരക്കിനെ ചൂരല്‍ കൊണ്ട് നിയന്ത്രിക്കുന്ന നിയപാലകരും മാത്രം ബാക്കിയായി. പുതിയ കോലങ്ങള്‍ കെട്ടിയാടപ്പെടാതെ എങ്ങും മുഖം തുറക്കാന്‍ ഭയക്കുന്ന മനുഷ്യന്‍ മാത്രമായി.
തിരിച്ചുവരണം മിഠായിതെരുവിന്റെ തിരക്കുകള്‍, മുഖം മൂടിയുടെ ഭയമില്ലാതെ എസ്.കെയ്ക്ക് മുന്നില്‍ വീണ്ടും നമുക്ക് പാട്ടുപാടി സായാഹ്നം ചെലവഴിക്കണം. അങ്ങനെ കാലങ്ങളായി തുടര്‍ന്നുപോകുന്ന തെരുവിന്റെ ഈ കഥയെ നമുക്ക് ചേര്‍ത്ത് നിര്‍ത്തുകതന്നെ വേണം.