ജീവനുണ്ടെന്ന് തോന്നിപ്പോകുന്ന ചിത്രങ്ങള്‍. ഷംലി ഫൈസല്‍ എന്ന പ്രവാസി വീട്ടമ്മ വരച്ച ഓരോ ചിത്രങ്ങളും  ഡിജിറ്റല്‍ ഫോട്ടോകളെ വെല്ലും. ആ പെര്‍ഫെക്ഷന്‍ ഒന്ന് കൊണ്ട് മാത്രമാണ് ഷംലിയെ ജീവനുള്ള പ്രിന്റര്‍ എന്ന് ആരാധകര്‍ വിളിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് ഓരോ ചിത്രവും. ഷംലിയുടെ കാന്‍വാസില്‍ വിരിഞ്ഞ ചിത്രങ്ങളില്‍ കേരളത്തിലെ പ്രമുഖ വ്യക്തികളും അഭിനേതാക്കളുമെല്ലാം ഉള്‍പെടും. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധാകരാണ് ഈ ചിത്രകാരിക്കുള്ളത്. കളര്‍ പെന്‍സില്‍ കൊണ്ട് വരയ്ക്കുന്ന പോര്‍ട്രെയിറ്റ് ചിത്രങ്ങള്‍ക്ക് ആവശ്യക്കാരുമേറെ.  

സ്‌കൂള്‍ കാലത്തെ ചെറിയ വരകളൊഴിച്ചാല്‍ ചിത്രരചനയുമായി മറ്റ് ബന്ധങ്ങളൊന്നുമില്ലാതിരുന്ന ഷംലി 2015-ല്‍ മകളുടെ മരണശേഷമാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് വീണ്ടുമെത്തിയത്. നിറങ്ങള്‍ മനസിനെ ശാന്തമാക്കി. യുട്യൂബിലും ഫെയ്‌സ്ബുക്കിലുമുള്ള ട്യൂട്ടോറിയലുകള്‍ വീഡിയോകള്‍ കണ്ടുപഠിച്ചാണ് ഷംലി എന്ന വീട്ടമ്മ പ്രഫഷണല്‍ ചിത്രകാരിയായത്. എല്ലാത്തിനും ഒപ്പം നില്‍ക്കാന്‍ ഭര്‍ത്താവ് ഫൈസല്‍ അലി മുഹമ്മദുണ്ട്. ഒപ്പം മൂന്ന് വയസ്സുകാരന്‍ അഭ്യാനും.