ജലചക്രത്തിൽ വെള്ളം വീഴാൻ തുടങ്ങുമ്പോൾ സനോജിന്റെ മുളപ്പാവകൾ ജോലി തുടങ്ങും. ചിറകുവീശി പറന്നുയരുന്ന കൊക്ക്, അതിവേഗം സൈക്കിൾ ചവിട്ടുന്ന മനുഷ്യൻ, കച്ചേരി നടത്തുന്ന വയലിനിസ്റ്റ്, മീൻപിടിക്കുന്നവരും കാളവണ്ടിക്കാരനും മുളകറക്കുന്നവരും ഒക്കെയായി ഒരു ജലചക്രത്തിനുചുറ്റും മുളപ്പാവകൾകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന കൗതുകലോകം തീർക്കുകയാണ് നിർമ്മാണ തൊഴിലാളിയായ സനോജ്.

ഒരുനിമിഷം പോലും വെറുതെയിരിക്കാത്ത മനുഷ്യനും മൃഗങ്ങളും തിരക്കിലാണിവിടെ. പൂര്‍ണ്ണമായും മുളകൊണ്ട് നിര്‍മ്മിച്ച ഈ ചലിക്കുന്ന പാവകളും ജലചക്രവും വയനാട് മീനങ്ങാടിക്കടുത്ത് മൂന്നാനക്കുഴി കുന്നുമ്പുറത്ത് സനോജിന്റെ കരവിരുതാണ്.