റൈഡ് പോയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉരുൾപൊട്ടലിന് നടുവിൽ പെട്ടുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി വ്ലോ​ഗർ. ഈ മാസം 16-ന് ഇടുക്കിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സഞ്ചാരി എന്ന യൂട്യൂബ് ചാനലാണ് പുറത്തുവിട്ടത്. ആവേശം കാണിക്കാനല്ല റൈഡിന് വന്നതെന്നും അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടലുണ്ടായതെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ഇടുക്കിയിൽ മലയിടിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. യാത്രയുടെ ഒരുഘട്ടത്തിൽ റോഡിലേക്ക് ഉരുൾപൊട്ടിയിറങ്ങുകയായിരുന്നു. ഇത് വ്യക്തമായി വ്ലോ​ഗിൽ കാണാം. പിന്നീട് സുരക്ഷിതസ്ഥാനം തേടി റൈഡർമാർ പോകുന്നതും കാണാം. 

റൈഡ് തുടങ്ങുമ്പോൾ പ്രശ്നം ഇത്രയ്ക്ക് രൂക്ഷമായിരുന്നില്ല. കാലാവസ്ഥ പെട്ടന്നാണ് മാറിയത്. ഹൈവേയിലും മണ്ണിടിച്ചിലുണ്ടായിരുന്നു. തന്റെ മുന്നിലേക്കാണ് മല ഇടിഞ്ഞുവന്നത്. സ്ഥിരം റൈഡ് പോകുന്നതുകൊണ്ടുള്ള മനസാന്നിധ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. താഴെ മുഴുവൻ വഴി തടസ്സപ്പെട്ടിരുന്നതിനാൽ സുരക്ഷിതമായ ഒരു സ്ഥലം തേടി പോകുകയാണ് ചെയ്തത്. ഇപ്പോൾ എല്ലാവരും സുരക്ഷിതരാണെന്നും വ്ലോ​ഗിനൊപ്പം ചേർത്തിരിക്കുന്നു.