കാട്ടുപൂച്ച പിടിച്ചതാണ് അമ്മക്കോഴിയെ. അമ്മ നഷ്ടപ്പെട്ട നാല് കുഞ്ഞുങ്ങളെ റാഞ്ചാന് വരുന്നവരെ വിരട്ടിയോടിച്ചും ചിക്കിച്ചികഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് തീറ്റ നല്‍കിയും ഈ പൂവന്‍കോഴി കരുതലും കാവലുമാകുകയാണ്. പെങ്ങാമുക്ക് കൂനത്ത് രവീന്ദ്രനാഥിന്റെ വീട്ടിലാണ് കൗതുകക്കാഴ്ച.

അമ്മക്കോഴിയെ ഒരു മാസം മുമ്പാണ് പൂച്ച പിടിച്ചത്. കരഞ്ഞുനടന്നിരുന്ന കുഞ്ഞുങ്ങളുടെ സംരക്ഷണം പൂവന്‍ ഏറ്റെടുത്തു. ഒപ്പം നടത്തി തീറ്റ കണ്ടെത്തി നല്‍കി. അടുത്തെത്തുന്നവരെ ആട്ടിയോടിച്ചു. ചിറകിനടിയില്‍ ഇരുത്തി ചൂട് നല്‍കി. കുഞ്ഞുങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്തു. 

വൈകീട്ട് കൂട്ടില്‍ കയറിയാല്‍ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിക്കും. പ്രായമായതോടെ കുഞ്ഞുങ്ങളെ അകറ്റിനിര്‍ത്തേണ്ട സമയമായി. എന്നാല്‍ പൂവന്‍കോഴി അതിന് തയ്യാറായിട്ടില്ല. പൂവന്‍കോഴിയുടെ പിതൃസ്‌നേഹത്തെ കുറിച്ച് 'നാടന്‍കോഴി സ്‌നേഹികള്‍' എന്ന ഗ്രൂപ്പില്‍ രവീന്ദ്രനാഥ് പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും ഇതിനകം അറുപതിനായിരത്തിലേറെ പേര്‍ കണ്ടു. ചിലര്‍ മോഹവില നല്കി വാങ്ങാന്‍ തയ്യാറായി. കുഞ്ഞുങ്ങളെ ആര്‍ക്കും നല്‍കില്ലെന്ന നിലപാടിലാണ് രവീന്ദ്രനാഥ്.