സിനിമകളിലും വെബ്സീരീസുകളിലും  പരമ്പര കൊലപാതകികൾ കഥാപാത്രങ്ങളായി വരുന്ന സമയമാണിത്. 25 വര്‍ഷം മുമ്പ് പതിനാല് സാധുക്കളെ കൊല്ലുകയും ഏറെപ്പേരെ നരകതുല്യമായ അവസ്ഥയിലേക്ക് അടിച്ചിടുകയും ചെയ്ത കാസര്‍ഗോഡുകാരനായൊരു സീരിയല്‍ കില്ലര്‍ ഓര്‍മയുടെ ചോരത്താളകളില്‍ പിക്കാസും ഉയര്‍ത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍. നടുക്കുന്ന ഓര്‍മയായി മാറിയ ഒരു പേര്.

80-കളിൽ ഉത്തര കേരളത്തെ വിറപ്പിച്ച കുപ്രസിദ്ധനായ മരണവാഹി. ഇരുട്ടിന്റെ മറവിൽ ആയുധവും കയ്യിലേന്തി വരുന്ന മരണദൂതനെ ഭയന്ന് കാസർ​ഗോഡിലേയും കണ്ണൂരിലേയും തെക്കൻ‌ കർണാടകയിലേയും ജനങ്ങൾക്ക് ഉറക്കം നഷ്ടമായി. അയാളൊരു ജാലവിദ്യക്കാരനാണെന്നും പലയിടങ്ങളിലും ഒരേ നേരത്തയാൾ പ്രത്യക്ഷപ്പെടുമെന്നും കഥയിറങ്ങി.