ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ത്രിതല സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നടുവിലാണ് ഡല്‍ഹിയില്‍ ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷം. കോവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് നിരവധി നിയന്ത്രണങ്ങളോടെ പരേഡ് ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കും. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. സാധാരണ ഒന്നേകാല്‍ ലക്ഷം സന്ദര്‍ശകരെ അനുവദിക്കുന്നിടത്ത് ഇത്തവണ കാല്‍ ലക്ഷം പേര്‍ക്ക് മാത്രമാണ് പ്രവേശനം

പരേഡ് വീക്ഷിക്കാന്‍ ഇത്തവണ മുഖ്യാതിഥി ഇല്ല. ചെങ്കോട്ട വരെ എട്ട് കിലോമീറ്റര്‍ നീളുന്ന പരേഡ് ഇത്തവണ വെട്ടിച്ചുരുക്കി. രാജ് പഥിലൂടെ മൂന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി ഇന്ത്യാഗേറ്റിനടുത്ത് സമാപിക്കും. രാജ്യത്തിന്റെ സൈനിക ശക്തിയുടെ വിളംബരമാകുന്ന മാര്‍ച്ച് പാസ്റ്റില്‍ മാസ്‌ക് ധരിച്ചായിരിക്കും സൈനികരും പങ്കെടുക്കുക. ഓരോ വിഭാഗത്തിലും 144 പേരാണ് ഉണ്ടാവുകയെങ്കില്‍ ഈ വര്‍ഷം അത് 96 ആയി കുറച്ചിട്ടുണ്ട്. 

റഫാല്‍ ജെറ്റ് ഇതാദ്യമായി ആകാശവിസ്മയമായി ഒരുക്കും. കേരളത്തിന്റേതുള്‍പ്പടെ 18 ഫ്‌ളോട്ടുകളും പരേഡിന് മിഴിവേകും