സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ റാസ്പുടിൻ ഡാൻസിന്റെ ഒരു കുടിയൻ പതിപ്പ് കഴിഞ്ഞദിവസം വൈറലായിരുന്നു. കണ്ടവർക്കെല്ലാം അറിയേണ്ടത് ഒരേയൊരു കാര്യം. ആരാണിയാൾ? സത്യത്തിൽ ആ വീഡിയോയിലുള്ളത് ഒരു മുഴുക്കുടിയനൊന്നുമായിരുന്നില്ല. തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയായ നർത്തകൻ സനൂപ് ആണ് ആ പരീക്ഷണ വീഡിയോയിലെ താരം.

എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചപ്പോൾ വൈറലാണെന്ന് തോന്നുന്നു എന്നായിരുന്നു സനൂപിന്റെ മറുപടി. ഒരുപാടുപേർ ഇപ്പോൾ വിളിക്കുന്നുണ്ട്. സിനിമാ താരങ്ങളായ ജോജു ജോർജ്, ​ഗിന്നസ് പക്രു എന്നിവരൊക്കെ വിളിച്ചു. യഥാർത്ഥ ജീവിതത്തിൽ കണ്ടതും മിമിക്രി വേദിയിലെ പ്രശസ്തർ അവതരിപ്പിച്ചതിൽ നിന്നുമെല്ലാം പ്രചോദനമുൾക്കൊണ്ടാണ് കുടിയൻ എന്ന ആശയത്തിലേക്ക് എത്തിയതെന്ന് സനൂപ് പറഞ്ഞു.

ട്രെൻഡിം​ഗായ ​ഗാനങ്ങളുടെ അകമ്പടിയിൽ കുടിയന്റെ ഭാവത്തിൽ ഇതിന് മുമ്പും സനൂപ് വീഡിയോകൾ ചെയ്തിട്ടുണ്ട്. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് സനൂപ് പറയുന്നു. നാട്ടിലെ സിനിമാ തിയേറ്ററിൽ ഓപ്പറേറ്റർ കൂടിയാണ് സനൂപ്.