ശ്വാസനാളത്തില്‍ റംബൂട്ടാന്‍ പഴം കുടുങ്ങി 20 മിനിറ്റോളം ഹൃദയം നിലച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് ആലുവ രാജഗിരി ആശുപത്രിയിലെ വൈദ്യസംഘം. ആലുവ സ്വദേശികളായ ദമ്പതിമാരുടെ ആറു മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ ദിവസം അബദ്ധത്തില്‍ റംബൂട്ടാന്‍ പഴം വിഴുങ്ങിയത്. അന്നനാളത്തിന് പകരം ശ്വാസനാളത്തിലെത്തിയ പഴം ശ്വാസം തടസ്സപ്പെടുത്തിയതോടെ കുഞ്ഞ് ബോധരഹിതനായി. ഹൃദയമിടിപ്പും നിലച്ചു.
ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവിടെ എത്തുമ്പോഴേക്കും കുഞ്ഞിന്റെ ഹൃദയം നിലച്ചിട്ട് പത്തു മിനിറ്റിലേറെ പിന്നിട്ടിരുന്നു. പിന്നീട് ശ്രമകരമായ ദൗത്യത്തിലൂടെ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘം കുരുന്നു ജീവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.