ചെറിയ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിന് മുന്നിൽ നിയമനത്തിനായി സംഘടിച്ച പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക് പോകുന്നത്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടനാകില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തുകയാണ് സമരക്കാരുടെ ലക്ഷ്യം. സെക്രട്ടേറിയേറ്റിന് മുന്നിൽ വനിതാ പോലീസ്, ഹൈസ്‌കൂൾ അധ്യാപകർ, ലാസ്റ്റ് ഗ്രേഡ് റാങ്കുകളിൽ ഉൾപ്പെട്ടവരാണ് സമരത്തിന് വീണ്ടുമെത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് സമരം ഒത്തുതീർപ്പാകാനായി ഒപ്പിട്ട ധാരണ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പരീക്ഷ നടത്തി ഒന്നര വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പല റാങ്കുലിസ്റ്റുകളും നിലവിൽ വന്നത്. അങ്ങനെയാണെങ്കിൽ ഓഗസ്റ്റ് നാലിന് റദ്ദാകുന്ന റാങ്ക് പട്ടികകൾക്ക് പകരം പുതിയത് കൊണ്ടുവരാൻ കൂടുതൽ സമയം വേണ്ടിവരും. അത്രയും നാൾ അപ്രഖ്യാപിത നിയമന നിരോധനമാണ് സംസ്ഥാനത്ത് സംജാതമാകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ കാര്യമായ നിയമനങ്ങൾ സംസ്ഥാനത്ത് നടക്കുന്നില്ല. കാലാവധി തീരുമ്പോഴും നിലവിലെ ലിസ്റ്റിൽ നിന്ന് നിയമനം നടക്കാത്തതിന് കാരണം കോവിഡ് സാഹചര്യമാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഇതേ കാരണത്താൽ പുതിയ പരീക്ഷകളും പി.എസ്.സി നടത്തുന്നുമില്ല. എന്നാൽ തങ്ങളുടെ കാരണം കൊണ്ടാല്ലാതെ ഉണ്ടായ പ്രതിസന്ധിക്ക് ആറുമാസത്തെ സമയം മാത്രമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.