ജപ്പാനിലെ ഒകിനോഷിമയിലെ ഒരു ഹോട്ടലില്‍ വിളമ്പിയ കറി കണ്ട് ഉത്തര-ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്ക് കലിതുള്ളി. പിന്നാലെ ജപ്പാനും ഇരു കൊറിയകളും തമ്മിലായി കലഹം.കറിയുടെ രുചിയൊന്നുമല്ല അടിയുടെ കാരണം. അതിന്റെ രൂപമാണ്. കടലുപോലുള്ള ചാറുകറിക്കു നടുവില്‍ ദ്വീപുപോലെ രണ്ട് ചോറുകട്ടകള്‍. അതില്‍ ഒന്നിനു മീതെ ജപ്പാന്റെ പതാക! 

ജപ്പാന്‍ തകെഷിമ എന്നും കൊറിയക്കാര്‍ ഡോക്ഡോ എന്നും വിളിക്കുന്ന ദ്വീപുകളെ പ്രതിനിധീകരിക്കുന്നതാണ് കറിയിലെ ചോറുകട്ടകള്‍ എന്ന് ആരോപിച്ചാണ് കൊറിയക്കാര്‍ ബഹളം വച്ചത്. ദക്ഷിണ കൊറിയയുടെ അധികാര പരിധിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. എന്നാല്‍ ഇത് തങ്ങളുടെ അതിര്‍ത്തിക്കകത്താണെന്നാണ് ജപ്പാന്റെ വാദം. ദ്വീപിനെ ചൊല്ലിയുള്ള ഈ അടിപിടി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരെ വഷളാക്കിയിട്ടുണ്ട്.