പരിക്കേറ്റും അവശനിലയിലും കണ്ടെത്തുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും സ്വന്തം വീട്ടിൽ അഭയം നൽകുന്ന ഒരാളുണ്ട് കോഴിക്കോട്ട്. പന്തീരാങ്കാവ് സ്വദേശി പ്രശാന്താണ് ആ നന്മനിറഞ്ഞ മനസിനുടമ. കാക്കകളും പൂച്ചകളുമുൾപ്പെടെയുള്ള മിണ്ടാപ്രാണികളുടെ ഒരു സംഘം തന്നെയുണ്ട് പ്രശാന്തിന്റെ വീട്ടിൽ. 

വഴിയിൽ നിന്ന് കിട്ടിയ കാക്കക്കുഞ്ഞുങ്ങൾക്ക് വീടിന് പുറത്ത് പ്രത്യേകം തൊട്ടിലുണ്ട്. പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാണ് നൽകുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് നാട്ടിലെ ഒരു ഓവുചാലിൽ നിന്ന് കിട്ടിയ രണ്ട് നായ്ക്കൾ സദാ ജാ​ഗരൂകരായി കാവലിനുണ്ട്. മറ്റൊരന്തേവാസിയായ അണ്ണാൻകുഞ്ഞ് പരിക്കുപറ്റി ചികിത്സയിലാണ്. കോഴിക്കോട് ജില്ലാ മൃ​ഗാശുപത്രിയിലാണ് ചികിത്സ നൽകുന്നത്. 

ചെറുതും വലുതുമായി മുപ്പതോളം പൂച്ചക​ളും പ്രശാന്തിന്റെ വീട്ടിൽ സസുഖം വാഴുന്നു. സ്വന്തം മക്കൾക്ക് കൊടുക്കുന്നതുപോലെ തന്നെയാണ് ഈ മിണ്ടാപ്രാണികൾക്കും ഭക്ഷണം നൽകുന്നതെന്നാണ് പ്രശാന്ത് പറയുന്നത്.