ലോകത്തൊരാളും ഇതുപോലൊരു കാലം നിനച്ചിട്ടുണ്ടാവില്ല. മുഖം മറച്ച്, ഒറ്റപ്പെട്ട്, മറ്റൊരാളോട് നന്നായൊന്ന് സംസാരിക്കാന്‍ പോലുമാകാതെ അനുദിനം ആശങ്കപ്പെട്ട് തള്ളിനീക്കുന്ന ദിനങ്ങള്‍. മുന്നറിയിപ്പുകളെ അന്വര്‍ത്ഥമാക്കി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ആ രോഗത്തിന് വിദഗ്ധര്‍ നല്‍കിയ പേര് 2019 നോവല്‍ കൊറോണ വൈറസ്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലായിരുന്നു തുടക്കം. അതിവേഗം പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും രോഗമെത്താം എന്ന അവസ്ഥവന്നു. എങ്ങനെയാണ് രോഗവ്യാപനം തടയാനാവുക എന്ന ചോദ്യം അപ്പോഴാണ് ഉയര്‍ന്നത്. ഒരേയൊരു വഴിയാണ് വിദഗ്ധര്‍ നിര്‍ദേശിച്ചത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍.