ശീലക്കുടകൾ വന്നതോടെ സാധാരണജനങ്ങളുടെ ജീവിതത്തിൽ നിന്ന് പതിയെ അപ്രത്യക്ഷമായവയാണ് ഓലക്കുടകൾ. എങ്കിലും കുറേക്കാലം കൂടി അത് പാടത്ത് പണിയെടുക്കുന്നവർക്കിടയിൽ കാണാമായിരുന്നു. പില്ക്കാലത്ത് അവിടേയും പ്ലാസ്റ്റിക് കയ്യടക്കിയതോടെ കാഴ്ചയ്ക്ക് മാത്രമായി ഓലക്കുടകൾ. 

ഓണക്കാലത്ത് മഹാബലിയുടെ വേഷം കെട്ടുന്നവർ കാലുള്ള കുട ഉപയോ​ഗിക്കും. അലങ്കാരത്തിന് തൊപ്പിക്കുടയും. ആവശ്യക്കാർ ഇല്ലാതായതോടെ വല്ലിക്കുട നിർമിക്കാറേ ഇല്ല. പാലക്കാട് ജില്ലയിൽ കടമ്പഴിപ്പുറത്ത് ഉണ്ണിക്കുട്ടനും ഭാര്യയും മാത്രമാണിപ്പോൾ ഓലക്കുടകൾ നിർമിക്കുന്നത്.