ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങളും കപ്പുകളും പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങള്‍ വളരെ അധികമാണ്. മണ്ണിലേയും നദികളിലേയും ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന പ്ലാസ്റ്റിക് എന്ന വില്ലന് ബദല്‍ സംവിധാനം ഒരുക്കുകയാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ (NIIST) ഗവേഷകര്‍.

ഉപയോഗശേഷം കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാനാകുന്ന വസ്തുക്കള്‍ കൊണ്ട് പാത്രങ്ങളും കപ്പുകളും സ്പൂണുമൊക്കെ നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍. വലിച്ചെറിഞ്ഞാല്‍ പോലും മൂന്നുമാസത്തിനുള്ളില്‍ ഇവ മണ്ണില്‍ അലിഞ്ഞുചേരും. വെള്ളത്തില്‍  മണിക്കൂറുകള്‍ക്കകം അലിഞ്ഞ്  മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി തീരും. ഈ കണ്ടുപിടിത്തത്തിന് ദേശീയ പുരസ്‌കാരമാണ് ഗവേഷകരെ തേടിയെത്തിയത്.