1000 രൂപ മുതല്‍ 60000 രൂപ വരെയുള്ള ഗപ്പികള്‍. പലതും നാമിതുവരെ കണ്ടിട്ട് പോലുമില്ലാത്തവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗപ്പികളുടെ വിസ്മയ ലോകം തീര്‍ക്കുകയാണ് മലപ്പുറം കൊട്ടപ്പുറത്തെ 'പ്രഷ്യസ് ഗപ്പി ഫാം'. 

നേരംപോക്കിന് തുടങ്ങിയ ഹോബി മികച്ച വരുമാനമാര്‍ഗമാക്കുകയാണ് നജ്മ എന്ന വീട്ടമ്മ. തായലാന്റ്, ചൈന, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങി വിവിധരാജ്യങ്ങളില്‍ നിന്ന് മികച്ചയിനം ഗപ്പികളെ ഇറക്കുമതി ചെയ്ത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് നജ്മ. 

ലോക്ഡൗണ്‍ കാലത്താണ് നജ്മ തന്റെ ഗപ്പിവളര്‍ത്തലിനെ ഗൗരവമായി സമീപിച്ചത്. ഭര്‍ത്താവ് ഷൗക്കത്തലിയാണ് ഗപ്പികളുടെ ഇറക്കുമതി ആശയത്തിന് പിന്നില്‍. ഇന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളിലും നജ്മയുടെ ഗപ്പികള്‍ക്ക് ആവശ്യക്കാരുണ്ട്. 'പ്രഷ്യസ് ഗപ്പി ഫാം' എന്ന ഫെയ്സ്ബുക്ക് പേജ് വഴിയും നേരിട്ടുമെല്ലാം ഗപ്പികളെ അന്വേഷിച്ച് ആളുകളെത്തുന്നുണ്ട്. 

മികച്ച പരിപാലനമാണ് ഗപ്പികളുടെ വളര്‍ച്ചയും ആയുസും നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയാണ് നജ്മ ഗപ്പികളെ പരിപാലിക്കുന്നത്. ഗപ്പികള്‍ ഇറക്കുമതി ചെയ്ത് ചെറുകിട ബ്രീഡേഴ്സിന് നല്‍കുക വഴി വിദേശ ഇനങ്ങളെയും നാട്ടിലെ താരങ്ങളാക്കുകയാണ് നജ്മ. 

നഷ്ടങ്ങളുടെ കണക്കുകള്‍ ഏറെയുള്ള കോവിഡ് കാലത്ത് പുതിയ സാധ്യതകള്‍ കണ്ടെത്തി അതിജീവനത്തിന്റെ മാതൃക തീര്‍ക്കുകയാണ് നജ്മയെപ്പോലുള്ളവര്‍.