ഇച്ചിരി പിണ്ണാക്ക്, ഇച്ചിരി പുല്ല്.. പാല് ശറപറാ ഒഴുകുമെന്നെക്കെ പറഞ്ഞ് നിങ്ങളെ ആരും പറ്റിക്കാന്‍ വരില്ല, ഇച്ചിരി പുല്ലിന് ഗുണമേന്മയേറിയ ഇച്ചിരി പാല് കിട്ടും. അതെ, അതാണ് കാസര്‍കോട് കുള്ളന്‍.

ഹരിയാനയിലെ കര്‍നാലിനുള്ള 'നാഷണല്‍ ബ്യൂറോ ആന്‍ഡ് അനിമല്‍ ജനറ്റിക് റിസര്‍ച്ച് എന്ന സ്ഥാപനം 34 ഇനങ്ങളെയാണ് നാടന്‍പശുക്കളുടെ കൂട്ടത്തില്‍ പെടുത്തിയിട്ടുള്ളത്. അതില്‍ രണ്ടെണ്ണം കേരളത്തിലാണ്. വെച്ചൂര്‍ പശുവും കാസര്‍കോട് കുള്ളനും.

കാസര്‍കോട് -ദക്ഷിണ കന്നഡ ജില്ലകളുടെ കുന്നുമ്പുറങ്ങളിലും തോട്ടങ്ങളിലും നാടന്‍പുല്ലും വെള്ളവും കുടിച്ച് വളര്‍ന്ന്, വലിപ്പം തീരെ കുറഞ്ഞ മെലിഞ്ഞ കൈകാലുകളുള്ള തനത് ഇനമാണ് കാസര്‍കോഡ് കുള്ളന്‍ പശു. ആടിനെ പോലെ വളര്‍ത്താവുന്ന പാവം പശു. വലിച്ചാല്‍ വലിച്ചയിടത്തേക്ക് വരും. കുറച്ച് മാത്രം തീറ്റ. കയറില്ലെങ്കിലും എവിടേക്കും ഓടിപ്പോകില്ല. മൂക്കിന് കയറൊന്നും വേണ്ടേവേണ്ട.. വളര്‍ത്തുന്നതില്‍ അലസിയേതുമില്ല. കൊച്ചുകുട്ടികള്‍ക്ക് വരെ ഭയമേതുമില്ലാത മേയ്ക്കാന്‍ കൊണ്ടുപോകാം. . 

വീട്ടിലെ കാടിവെള്ളവും തവിടും മേയ്ക്കാന്‍ വിടുന്നയിടത്തെ പുല്ലും തിന്ന് മൂന്ന് ലിറ്റര്‍ വരെ പാല്‍ തരുന്ന സൗമ്യസ്വഭാവമുള്ളയിനമാണ് കാസര്‍കോഡ് കുള്ളന്‍. അധികം അദ്ധ്വാനമില്ലാതെ ഔഷധഗുണം ഏറെയുള്ള പാല്‍ കിട്ടുമെന്നതാണ് കുള്ളന്‍ പശുവിന്റെ മുഖ്യആകര്‍ഷണീയത.