ലക്ഷങ്ങള്‍ വിലയുള്ള വി.ഐ.പി. താരത്തെ നമുക്ക് പരിചയപ്പെടാം. വേറാരുമല്ല, മുറൈ ഇനത്തില്‍പ്പെട്ട, സ്വന്തമായി ഫാന്‍സ് അസോസിയേഷന്‍ വരെയുളള പോത്താണ് കൊല്ലം പുളിയത്ത് മുക്കിലെ താരം. 1300 കിലോ ഭാരമുള്ള ഊറ്റുകുഴി വേലുവെന്ന് വിളിപ്പേരുള്ള പോത്തിന്റെ മോഹവില 40 ലക്ഷം രൂപയാണ്.
കൊല്ലം പുളിയത്തമുക്ക് സ്വദേശി അൻവറിന്റെ സ്വന്തമാണിവൻ. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് വേലു അൻവറിന്റെ വീട്ടിലെത്തുന്നത്. മുറൈ ഇനത്തിൽപ്പെട്ടതാണെന്ന് വാങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല. വളർത്തി വിൽക്കാൻ വേണ്ടിയാണ് വാങ്ങിയതെങ്കിലും വേലു ഈ വീട്ടിലെ ഒരംഗത്തേപ്പോലെയായി. അതോടെ വേലുവിനെ വിൽക്കേണ്ടെന്ന് അൻവർ തീരുമാനിച്ചു.
ആറു വയസായപ്പോഴേക്കും വേലുവിന്റെ തൂക്കം 1300 കിലോ ആയി. അഞ്ചേകാൽ അടിയാണ് ഉയരവും എട്ടരയടി നീളവുമുണ്ട്. ഒറ്റ രോമം പോലും വെള്ളയല്ല. രണ്ടായിരം രൂപയോളമാണ് ഒരു ദിവസം ആഹാരത്തിന് വേണ്ടത്. രാവിലെ പത്ത് മുട്ട, പിന്നാലെ നാല്പത് കിലോ തണ്ണിമത്തൻ, വെള്ളരി എന്നിങ്ങനെ പോകുന്നു ആഹാരരീതി. മീനെണ്ണ, വൈറ്റമിൻ പൊടികൾ മുതലായവ വേറെയും.