പത്തു കൊല്ലമായി വീട്ടുകാരുടെ കണ്ണിലുണ്ണിയായി വളരുന്ന ഒരു പൂവൻ കോഴിയെ പരിചയപ്പെടാം. കാസർകോട് ബേക്കൽ ഹിദാദ് നഗറിലെ ഹോണ്ടസ ഖാലിദിന്റ വീട്ടിലാണ് ഈ മൂത്താപ്പ കോഴി.

പത്തുവർഷം മുമ്പ് ഖാലിദിന്റെ മകളുടെ കല്ല്യാണനാളിലാണ് ഇവൻ ഈ കുടുംബത്തിലെത്തുന്നത്. നിലംതൊട്ടുനിൽക്കുന്ന അങ്കവാലും നിറയെ തൂവലുകളുമുള്ള കോഴി വൈകാതെ വീട്ടുകാരുടെ പ്രിയങ്കരനായി. ഒപ്പം വന്നവരും ശേഷമെത്തിയവരുമെല്ലാം  തീൻമേശയിലെത്തിയിട്ടും അങ്കവാലൻ ഇന്നും ഖാലിദിന്റെ പറമ്പിൽ വിരാജിക്കുകയാണ്.

പ്രായത്തിന്റെ പ്രയാസങ്ങൾ അലട്ടുന്നുണ്ടെങ്കിലും വീട്ടുകാർക്ക് ഇവനേക്കുറിച്ച് പറയാൻ നല്ലതുമാത്രം. ഇനമേതാണെന്ന് അറിയില്ലെങ്കിലും രൂപത്തിലുള്ള പ്രത്യേകതയാണ് വീട്ടുകാരെ ആകർഷിച്ചത്. പ്രായമേറിയതോടെ വീട്ടിലെ കുട്ടികൾ ഇവനെ വിളിക്കുന്നത് മൂത്താപ്പ എന്നാണ്.