സ്വന്തം ഭാഷയുണ്ടാക്കി, റഷ്യന്‍ പാട്ടുപാടി, ഗുജറാത്തിയും ജാപ്പനീസും ബര്‍മ്മീസും കൊറിയനുമൊക്കെ വെള്ളം പോലെ സംസാരിച്ച് ഭാഷാലോകത്തെ വിസ്മയിപ്പിക്കുകയാണ് മാര്‍ഷല്‍ വി ഷോബിന്‍ എന്ന അഞ്ചാംക്ലാസുകാരന്‍. 

കോഴിക്കോട് കൂരാച്ചുണ്ടിനടുത്ത് കല്ലാനോട്ടെ ഒറ്റമുറി മണ്‍കട്ടകൊണ്ടുള്ള കൂരയില്‍ നിന്നും മാര്‍ഷല്‍ സ്വപ്‌നം കാണുകയാണ് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രജ്ഞനാവാന്‍. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു ഭാഷകളിലൂടെയുള്ള മാര്‍ഷലിന്റെ സഞ്ചാരം. 

സ്വന്തമായി അക്ഷരമാല കണ്ടുപിടിച്ച് മനാഡുവെന്ന പേരിട്ട് ഒരു ഭാഷ തന്നെ ഈ അഞ്ചാംക്ലാസുകാരന്‍ ഉണ്ടാക്കിക്കളഞ്ഞുവെന്ന് കേള്‍ക്കുമ്പോഴാണ് ഭാഷാ പണ്ഡിതന്‍മാര്‍ പോലും ഞെട്ടിപ്പോവുന്നത്. 

അതിനിടെ വീടെന്ന സ്വപ്‌നത്തിനായി മരപ്പണിക്കാരനായ മാര്‍ഷലിന്റെ അച്ഛന്‍ പഞ്ചായത്തുകള്‍ തോറും കയറിയിറങ്ങുന്നുണ്ടെങ്കിലും ഇതുവരെ അവര്‍ക്കത് യാഥാര്‍ഥ്യമായിട്ടുമില്ല.