'അയ്യപ്പനും കോശിയും' സിനിമയിലെ ആദിവാസി യുവതി കണ്ണമ്മയാകാന്‍ വേണ്ടി ശരീരഭാരം കുറക്കാന്‍ ഏറെ ബുദ്ധിമുട്ടിയെന്ന് നടി ഗൗരി നന്ദ. തടിച്ച ശരീരപ്രകൃതിക്കാരിയായ തനിക്ക് വളരെ മെലിഞ്ഞ്, എല്ലുന്തി, കവിളൊക്കെ ഒട്ടിയ രൂപത്തിലേക്ക് മാറണമായിരുന്നു. അങ്ങനെ മാറാനും അഭിനയിക്കാനും ആ കഥാപാത്രത്തിന് പൊതുജനാംഗീകാരം നേടാനും കഴിഞ്ഞു. 

പക്ഷേ, തടി കുറയ്ക്കാന്‍ സ്വീകരിച്ച രീതികള്‍ ആര്‍ക്കും പറഞ്ഞുകൊടുക്കില്ലെന്നാണ് ഗൗരി നന്ദയുടെ പക്ഷം. അതിനു കാരണവുമുണ്ട്. താന്‍ സ്വീകരിച്ച രീതി അത്ര ഹെല്‍ത്തിയല്ലെന്നാണ് ഗൗരി നന്ദ പറയുന്നത്. പെട്ടെന്ന് വണ്ണം കുറയ്‌ക്കേണ്ടതുകൊണ്ട് ഇലക്കറികളും പച്ചക്കറികളും മാത്രമാക്കി ഭക്ഷണം. ഒപ്പം ചിലപൊടിക്കൈകളും. ആ ഡയറ്റ് പക്ഷേ പറഞ്ഞുതരാനാവില്ലെന്ന് ഗൗരി പറയുന്നു. ആ രീതി പക്ഷേ ആരോഗ്യകരമല്ലെന്നാണ് ഗൗരി പറയുന്നത്. 

സ്റ്റേ ഹോം സ്റ്റേ ഹാപ്പി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗൗരി.  ലോക്ഡൗണ്‍ കാലത്തെ സമ്മര്‍ദമൊഴിവാക്കാന്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്ന് മണി വരെ മാതൃഭൂമി ന്യൂസ് സംഘടിപ്പിക്കുന്ന ഒരു മണിക്കൂര്‍ പരിപാടിയാണ് 'സ്റ്റേ ഹോം സ്റ്റേ ഹാപ്പി'