ലോക്ഡൗണിൽ ഉപജീവനത്തിനായി ഭാസ്കരൻ എന്ന 70 കാരൻ ദിവസവും കാൽനടയായി താണ്ടുന്നത് 20കിലോമീറ്ററാണ്. പിണറായിയിൽ നിന്ന് ദിവസവും കാൽനടയായി പത്തു കിലോമീറ്റർ നടന്ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തും. അവിടെ നിന്ന് ട്രെയിനിൽ കണ്ണൂരിലേക്ക്.  പോലീസ് സ്റ്റേഷൻ മൈതാനിയിലെ ഫുട്പാത്തിൽ ഭാസ്കരേട്ടൻ 'ദില്ലി മെഷീനിൽ' യാത്രക്കാർക്ക് ഉയരവും ഭാരവും അളന്നു കൊടുക്കാൻ തുടങ്ങിയിട്ട് വർഷം 20 കഴിഞ്ഞു.

ലോക്ഡൗണിൽ ബസ് യാത്ര നിലച്ചെങ്കിലും ദിനചര്യയിൽ ഒരു മാറ്റവുമുണ്ടായില്ല. വൈകിട്ടത്തെ ട്രെയിനിൽ തിരിച്ച് തലശ്ശേരിയിലേക്ക്. പിന്നെ വീണ്ടും നടന്ന് പിണറായിയിലെ വീട്ടിലേക്ക്. ഇതാണ് ദിനചര്യ. അവിടെ കാത്തിരിക്കാൻ ആരുമില്ല. സ്വന്തമെന്ന് പറയാൻ ആരുമില്ല ഭാസ്കരേട്ടന് . അടുത്തിടെയായി കേൾവിക്കുറവുണ്ട്. കഴുത്തിന് ഒരു വളവുണ്ട്.

നിവർന്നു നോക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അളവ് നോക്കി കിട്ടുന്ന 5 രൂപ തുട്ടുകളിലല്ല, പരിചിതമുഖങ്ങളും മനസ്സലിവുള്ളവരും അറിഞ്ഞ് നൽകുന്ന സഹായങ്ങളാണ് ഈ വയോധികനെ താങ്ങി നിർത്തുന്നത്.