കായികമേഖല തിരഞ്ഞെടുക്കുന്ന സ്ത്രീകളുണ്ടെങ്കിലും പലപ്പോഴും ആ കരിയറുമായി മുന്നോട്ടു പോകുന്നവർ വളരെ കുറവാണ്. കുടുംബ പശ്ചാത്തലവും സാമൂഹിക ചുറ്റുപാടുമൊക്കെ അതിനു കാരണമാകാറുണ്ട്. വിവാഹം കഴിഞ്ഞ് മക്കൾ കൂടിയായാൽ പിന്നെ കരിയർ സ്വപ്നങ്ങൾ അടച്ചുപൂട്ടുന്നവരുമുണ്ട്. അത്തരക്കാർ മാതൃകയാക്കേണ്ടതാണ് കോഴിക്കോട് പയിമ്പ്ര സ്വദേശി ലാജുവന്ദി എന്ന ബോക്സറുടെ ജീവിതം. കേരളത്തിൽനിന്ന് അധികം പെൺകുട്ടികൾ ബോക്സിങ് കരിയർ തിരഞ്ഞെടുക്കാത്ത കാലത്താണ് ലാജുവന്ദി ഈ മേഖലയിലേക്ക് കടക്കുന്നത്.
വീട്ടിൽനിന്നോ നാട്ടിൽനിന്നോ വലിയ പിന്തുണയുണ്ടായിരുന്നില്ലെങ്കിലും ലാജുവന്ദി സ്കൂൾ-കോളേജ് തലങ്ങളിലും ദേശീയ വേദികളിലുമൊക്കെ കിരീടം ചൂടി. സ്പോർട്സ് ക്വോട്ടയിൽ ജോലി പ്രതീക്ഷിച്ചിരുന്ന കാലത്താണ് വീട്ടിലെ ദുരിതം മറികടക്കാൻ സ്വകാര്യജോലിയിൽ പ്രവേശിക്കുന്നത്. സർക്കാർ ജോലി വിദൂരസ്വപ്നമാവുകയും വിവാഹിതയാവുകയും കൂടി ചെയ്തതോടെ ലാജുവന്ദി ബോക്സിങ് മേഖലയിൽനിന്ന് പതിയെ അകന്നുതുടങ്ങി. ഇപ്പോഴിതാ പന്ത്രണ്ടു വർഷങ്ങൾക്കിപ്പുറം മുപ്പതാം വയസ്സിൽ മൂന്നു മക്കളുടെ അമ്മ കൂടിയായ ലാജുവന്ദി വീണ്ടും ബോക്സിങ് റിങ്ങിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
കേരളത്തിൽ അത്ര സാധാരണമല്ലാത്ത വനിതാ ബോക്സർ പരിശീലക എന്ന പദവിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലാജുവന്ദി ഇന്ന്. കൂട്ടിന് ഭർത്താവിന്റെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. വിവാഹം കഴിഞ്ഞ് അമ്മയായാൽ കരിയർ സ്വപ്നങ്ങളെ കാറ്റിൽപ്പറത്തുന്നവർ അറിയണം നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ലാജുവന്ദിയുടെ ജീവിതം..
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..