കെട്ടകാലത്തിന് എന്നന്നേക്കുമായി ഫുള്‍സ്റ്റോപ്പിടണം. മുഖം മറയ്ക്കാതെ പരസ്പരം  തൊടാന്‍ പേടിയില്ലാതെ നേരമിരുളും വരെ ആ മണല്‍പരപ്പിലങ്ങനെ കിടക്കണം. ചരിത്രമുറങ്ങുന്ന കോഴിക്കോടന്‍ കടപ്പുറത്തെ നോക്കി ഒരുവേളയെങ്കിലും ഇങ്ങനെ ആഗ്രഹിക്കാത്ത ഒരു കോഴിക്കോട്ടുകാരനുമുണ്ടാവില്ല. നല്ല കാലത്ത് തന്നെ നെഞ്ചോട് ചേര്‍ത്ത സഞ്ചാരികളെ വരവേല്‍ക്കാന്‍ അതിസുന്ദരിയായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു കോഴിക്കോട് ബീച്ച്.

ആളുകളെത്തിയാല്‍ മൂക്കുപൊത്തി മാത്രം നടന്നിരുന്ന സൗത്ത് ബീച്ച് തന്നെയാണ് വലിയ മേക്ക് ഓവറോടെ ആളുകളെ വരവേല്‍ക്കാനൊരുങ്ങുന്നത്. കുറ്റിച്ചിറയും വലിയങ്ങാടിയും പാളയം മാര്‍ക്കറ്റും കോഴിക്കോടന്‍ ബിരിയാണിയുമെല്ലാം ചുമര്‍ ചിത്രങ്ങളായി സൗത്ത്  ബീച്ചില്‍ നിറഞ്ഞിരിക്കുന്നു. 

മനോഹരമായ ഇരിപ്പിടവും വൈറലായ എന്റെ കോഴിക്കോടുമെല്ലാം വിദേശ ബീച്ചിനെ വെല്ലുന്നവയാണ്. ഒപ്പം വൈക്കം മുഹമ്മദ് ബഷീറും എസ്.കെ  പൊറ്റക്കാടും കുതിരവട്ടം പപ്പുവടക്കമുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക നായകരും ജീവന്‍ തുടിക്കുന്ന ചിത്രങ്ങളായി ചുമരുകളില്‍ ഇടംപിടിച്ചിരിക്കുന്നു. 

കോഴിക്കോട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യുമാണ് ബീച്ചിന്റെ മുഖം മിനുക്കലിന് പിന്നില്‍. ജൂലൈ ഒന്നിന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുന്ന ബീച്ച് അവസാന മിനുക്കുപണിയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെയാവും ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവുക.