ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കൂട്ടിക്കൽ എന്ന കൊച്ചുപട്ടണത്തെ എത്രമാത്രം ബാധിച്ചു എന്നറിയാൻ ചള്ളാവയലിൽ ജോസിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മതിയാവും. ഈ മാസം 21-ന് ​ഗൃഹപ്രവേശവും 25-ന് മൂത്ത മകന്റേയും നവംബറിൽ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കുകയായിരുന്നു. വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു. ടൗണിൽത്തന്നെയുള്ള വീടിനോട് ചേർന്നാണ് ഒരു കടയും ന്യൂസ് പേപ്പർ ഏജൻസിയുമുണ്ടായിരുന്നത്. എല്ലാം നഷ്ടമായി.

അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കാഞ്ഞിരപ്പള്ളിക്ക് പോയതായിരുന്നു ജോസും കുടുംബവും. വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാം പ്രളയമെടുത്തിരുന്നു. കയ്യിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപയടങ്ങിയ പഴ്സും ഇതിനിടയ്ക്ക് നഷ്ടമായി. ചടങ്ങുകൾക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴാണ് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായതെന്ന് ജോസിന്റെ ഭാര്യ പറഞ്ഞു. 

വൻമല മൊത്തം ഇടിഞ്ഞുവന്നപ്പോൾ അച്ഛനും അമ്മയ്ക്കും ഒന്നും ചെയ്യാനായില്ലെന്ന് മകനും പറഞ്ഞു. രക്ഷപ്പെടാൻ തകർന്ന സാധനസാമ​ഗ്രികളുടെ മുകളിൽ കയറി നിൽക്കുകയായിരുന്നു അവർ. കരഞ്ഞുകൊണ്ടാണ് അവർ തന്നെ വിവരമറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.