പേമാരിയിൽ കനത്ത നാശനഷ്ടങ്ങളാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലുണ്ടായത്. മഴ ഏറെ നാശം വിതച്ച കൂട്ടിക്കലേക്ക് പോകുന്ന വഴിയുള്ള ചോലത്തറയിൽ മണ്ണിടിച്ചിലുണ്ടായി ​റോഡ് തകർന്നിരിക്കുകയാണ്. രാവിലെ ഏഴുമണി മുതൽ ശക്തമായ മഴയാണ് ഇവിടെ അനുഭവപ്പെടുന്നതെന്നും പത്ത് മണിയോടെയാണ് ഉരുൾപൊട്ടിയതെന്നും പ്രദേശവാസികൾ പറഞ്ഞു.

ഉച്ചയോടെ മഴ അല്പമൊന്നു ശമിച്ചതിനുശേഷമാണ് എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായതെന്ന് മനസിലാക്കാനായത്. ആദ്യമേ തന്നെ മുന്നറിയിപ്പ് നൽകിയതുകൊണ്ട് സമീപത്തെ വീട്ടുകാരെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഓർമയിൽപ്പോലും ഇത്രയും ഭീകരമായൊരു സംഭവം നടന്നിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.