മണിക്കൂറുകളോളം തെങ്ങിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ച് അഗ്നിരക്ഷാ സേന. എറണാകുളം നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് സംഭവം.  ശനിയാഴ്ച രാവിലെ പൂച്ചയുടെ കരച്ചിൽ കേട്ടപ്പോഴാണ് സംഭവം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുന്നത്.

രാത്രി ഏതെങ്കിലും ജീവിയിൽ നിന്നും രക്ഷപ്പെടാനാകും പൂച്ച തെങ്ങിൽ കയറിയതെന്ന് നാട്ടുകാർ പറയുന്നു. പരിസരവാസികൾ ഏറെ ശ്രമപ്പെട്ടിട്ടും പൂച്ചയെ താഴെയിറക്കാനായില്ല. ഒടുവിൽ ഒരു വഴി തേടി ഇവർ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

വീഡിയോ പ്രാദേശിക ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചതോടെ അഗ്‌നിരക്ഷാ സേനയും വിവരമറിഞ്ഞു. വൈകിട്ടോടെ തൃപ്പൂണിത്തുറയിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ സംഘമെത്തി. ഏണിവെച്ച് മുകളിൽ കയറിയ സേനാംഗം തോട്ടി ഉപയോഗിച്ച് ഓല താഴ്ത്തിയതോടെ പൂച്ച തൊട്ടടുത്ത വീടിന്റെ മേൽക്കൂരയിലേക്ക് ചാടി രക്ഷപ്പെട്ടു. 

മണിക്കൂറുകൾക്ക് ശേഷം പൂച്ചയ്ക്കും പരിസരവാസികൾക്കും ആശ്വാസം; ഫയർ & റെസ്ക്യൂ ടീമിന് കയ്യടി. താഴെയെത്തിയ പൂച്ചയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രദേശവാസിയായ പരമേശ്വരൻ പറഞ്ഞു.