ഒരുപാട് സ്വപ്നങ്ങള്‍ നെയ്താണ് അജോ - അന്ന ദമ്പതികള്‍ ഈ വീട് വാങ്ങിയത്. എന്നാല്‍ സ്വപ്നങ്ങളുടെ ഇഴകള്‍ പൊട്ടിച്ച് കോവിഡ് വ്യാപനം വന്നതോടെ തിരിച്ചടവ് മുടങ്ങി. വീട് ജപ്തി ചെയ്യപ്പെടുമെന്നായി. കടത്തില്‍നിന്നു കരകയറാന്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാനിറങ്ങിയ കുടുംബത്തിന് ലോട്ടറി വകുപ്പിന്റെ പൂട്ട്. കേരള ബാങ്ക് ജഗതി ശാഖയില്‍നിന്ന് വീട് വാങ്ങാനെടുത്ത വായ്പ അടയ്ക്കുന്നതു മുടങ്ങിയതോടെയാണ് അജോ - അന്ന ദമ്പതികള്‍ തങ്ങളുടെ വീട് വില്‍പനയ്ക്ക് വെച്ചത്. വായ്പസമയം നീട്ടിക്കിട്ടാന്‍ മന്ത്രിയെ അടക്കം കണ്ടെങ്കിലും ബാങ്കിലെ ജീവനക്കാരില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം കാരണമാണ് വീട് വിറ്റ് കടം തീര്‍ക്കാന്‍ ഇറങ്ങിയത്. അത്യാവശ്യക്കാരെന്നു കണ്ടതോടെ വിപണി വിലയിലും കുറച്ചു നല്‍കാനാണ് മിക്കവരും ശ്രമിച്ചത്.
ഇതോടെയാണ് ലോട്ടറി മാതൃകയില്‍ വീട് വില്‍പനയ്ക്ക് വെച്ചത്. സമാനമായ രീതിയില്‍ വസ്തുകച്ചവടം ചെയ്തവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏറെ അധ്വാനിച്ച് നേടിയ വീട് വില്‍ക്കാന്‍ അന്ന തീരുമാനിച്ചത്. മൂന്നാംമൂട് ക്രിസ്തുരാജപുരം ദേവാലയത്തിലെ വികാരി അടക്കമുള്ളവരുടെ സഹായത്തോടെ നറുക്കെടുപ്പ് എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ചത്. മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത വന്നതോടെ 2000 രൂപ നല്‍കി കൂപ്പണ്‍ വാങ്ങാന്‍ ഒരുപാടുപേരെത്തി. എന്നാല്‍ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി ഇതിനു തടസ്സവാദവുമായാണ് ലോട്ടറി വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. കൂപ്പണ്‍ വില്‍പ്പന തത്കാലം നിര്‍ത്തി. ഇനി എങ്ങനെ മുന്നോട്ടുപോകും? അന്നയുടെ വാക്കുകള്‍ കേള്‍ക്കാം.
Content Highlights: Kerala Lottery Department hinders couple's move to sell house via lucky draw
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..