2015 മാര്‍ച്ച് 13. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം. സഭയിലെ കയ്യാങ്കളി കണ്ട് കേരളം മൂക്കത്ത് വിരല്‍ വെച്ച ദിവസം. കേരളത്തെ ലജ്ജിപ്പിച്ച നിയമസഭയിലെ ആ കയ്യാങ്കളിക്കേസില്‍ പ്രതികളായവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിച്ചത്. മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള ആറ് പേരാണ് വിചാരണ നേരിടേണ്ടത്. ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവരാണ് മറ്റ് പ്രതികള്‍. എന്തായിരുന്നു നിയമസഭയില്‍ അന്ന് നടന്നത്...?

ബാര്‍ കോഴക്കേസില്‍ കോടികള്‍ കോഴവാങ്ങിയെന്ന് ആരോപിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ അന്നത്തെ ധനമന്ത്രി കെ.എം മാണിയെ സഭക്കുള്ളില്‍ കയറ്റില്ലെന്ന് പ്രതിപക്ഷം വെല്ലുവിളിച്ചതാണ് തുടക്കം. എന്തുവില കൊടുത്തും അകത്തു കയറുമെന്ന് ഭരണ പക്ഷവും. തലേന്ന് രാത്രിമുഴുവന്‍ കലാപരിപാടികളുമായി പ്രതിപക്ഷേ നിയമസഭയുടെ നടുത്തളത്തില്‍ തങ്ങി. മാണി അതേ കെട്ടിടത്തില്‍ മറ്റൊരിടത്തും. രാവിലെ സ്പീക്കറുടെ നേതൃത്വത്തില്‍ ചര്‍ച്ച. മാണി സഭയിലെത്തിയതോടെ നിയമസഭ സാക്ഷ്യം വഹിച്ചത് ചരിത്രത്തിലില്ലാത്ത കൈയ്യാങ്കളി. ഒമ്പത് മിനിട്ട് നീണ്ട ബജറ്റ് അവതരണവും, ലഡ്ഡുവിതരണവും ഒക്കെ അങ്ങനെ ചരിത്രത്തില്‍ ഇടം നേടി.