വീഡിയോ ​ഗെയിമുകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് പാലക്കാട് പട്ടാമ്പിയിലെ ഒരു വിദ്യാര്‍ത്ഥി. ഗെയിമുകളുടെ ഉപദേശങ്ങള്‍ക്ക് യൂട്യൂബ് വഴി ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് 23 കാരനായ റമീസ് കാസ്‌ട്രോയെ തേടിയെത്തുന്നത്.

പബ്ജി അടക്കമുള്ള ​ഗെയിമുകളുടെ വിദ്യകളും ഉപദേശങ്ങളുമായി രാത്രി എട്ടുമണിക്കാരംഭിച്ച് നാലുമണിക്കൂർ വരെ നീളുന്ന ലൈവ് സ്ട്രീമിങ്ങിന് കാഴ്ചക്കാരായെത്തുന്നത് ഒരുമില്ല്യണിലേറെ പേരാണ്. രണ്ടുവർഷം മുമ്പ് തന്നെ വീഡിയോ ​ഗെയിം ലോകത്തേക്ക് കാലെടുത്തുവെച്ച റമീസിന്റെ പരീക്ഷണങ്ങൾ പച്ചപിടിച്ചത് ലോക്ക്ഡൗൺ കാലത്താണ്.

കോളേജ് ഹോസ്റ്റലിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നുതുടങ്ങിയ ലൈവ് സ്ട്രീമിങ് ഇന്ന് യൂ ട്യൂബിൽ നിന്നുള്ള ലക്ഷങ്ങൾ വരുന്ന വരുമാനം കൊണ്ട് വീട്ടിലെ മുറിയിൽ സജ്ജീകരിച്ച അത്യാധുനിക വീഡിയോ സ്റ്റുഡിയോയിലെത്തി നിൽക്കുന്നു. ഒമ്പത് ലക്ഷത്തോളം വരുന്ന സബ്സ്ക്രൈബർമാരാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് റമീസ് പറഞ്ഞു.