ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ശ്രീഷ്മ ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. കൗതുകം മാത്രമല്ല കളിയാക്കലുകളും നാട്ടുകരില്‍ നിന്ന് കിട്ടാറുണ്ടെന്നും ശ്രീഷ്മ പറയുന്നു. 

വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ടാണ് ഡ്രൈവിങ് പണിക്ക് പോകുന്നത് എന്ന തെറ്റിദ്ധാരണയും അടക്കം പറച്ചിലും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ കിട്ടുന്ന ഇടവേളകളില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവും സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് ശ്രീഷ്മ. ഇതിന്റെ ഭാഗമായി പി.എസ്.സി. പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നുണ്ട്. 

ഡ്രൈവിങ്ങില്‍ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം തോന്നിയിട്ടില്ലെന്നും സമൂഹം എന്ത് പറയും എന്നു വിചാരിച്ച് വലിയ വണ്ടികള്‍ ഓടിക്കാനുള്ള ആഗ്രഹം പല പെണ്‍കുട്ടികളും ഉള്ളില്‍ ഒതുക്കുകയാണെന്നും ശ്രീഷ്മ പറയുന്നു.