വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ ജപ്പാൻ രാജകുമാരി മാകോയും കാമുകൻ കെയ് കൊമുറോയും വിവാഹിതരായി. പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കി ലളിതമായിട്ടായിരുന്നു വിവാഹം.

ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29-കാരിയായ മാകോ. വിവാഹത്തോടെ രാജകുമാരിപദവിയും അധികാരങ്ങളും മാകോയ്ക്ക് നഷ്ടമായി. രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. എന്നാൽ, കുടുംബത്തിലെ പുരുഷന്മാർക്ക് നിയമം ബാധകമല്ല.

പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ മാതാപിതാക്കളുടെ അനുവാദം തേടിയശേഷം ടോക്യോയിലെ വസതിയിൽനിന്നും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മാകോ പുറപ്പെടുകയായിരുന്നു. പരമ്പരാഗത ആചാരങ്ങളും രാജകുടുംബത്തിന്റെ കോടിക്കണക്കിന് രൂപയുടെ സമ്മാനവും മാകോ നിരസിച്ചു. അഭിഭാഷകനാണ് കൊമുറോ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ഇരുവരും താമസിക്കുകയെന്നാണ് വിവരം.