കൊല്ലം: ജലീലിന് കണ്ണുകാണില്ല. പക്ഷെ മണ്ണിലിറങ്ങിയാൽ കയ്യും കാലും കണ്ണാവും. ചാലുകീറി മണ്ണൊരുക്കി വാഴയും ചേമ്പും ചേനയും പയറുമെല്ലാം നടും. കയ്യകലവും കാലകലവും മനസിലിട്ട് കൃത്യമായി പരിപാലിക്കും. വിളഞ്ഞുല്ലസിച്ച് നിൽക്കുന്ന കൃഷിയിടം അകകണ്ണ് കൊണ്ട് കാണുമ്പോൾ ആ മനസും നിറയും. കൊല്ലം വെളിനല്ലൂർ പഞ്ചായത്തിൽ ചെറിയവെളിനല്ലൂർ വാർഡിൽ അനസ് മൻസിലിൽ ജലീലാണ് ഇങ്ങിനെ ഉൾക്കണ്ണിന്റെ തെളിച്ചത്തിൽ കൃഷിയിൽ വിജയഗാഥ രചിക്കുന്നത്.

പന്ത്രണ്ട് വർഷം മുമ്പ് ചാത്തമ്പാറയിലെ ക്വാറിയിൽ പണിയെടുക്കുമ്പോൾ  കരിങ്കൽ ചീളുകൾ കണ്ണിൽ കൊണ്ട് ഞരമ്പ് മുറിഞ്ഞു. ശസ്ത്രക്രിയ ചെയ്തെങ്കിലും കാഴ്ച നഷ്ടപ്പെട്ടു. പിന്നെ അതിനോട് പൊരുത്തപ്പെട്ട് ഒരു മാടക്കടയിട്ടു. അങ്ങിനെയിരിക്കെയാണ് ലോക്ഡൗൺ വന്നത്. ജീവിതം വഴിമുട്ടിയപ്പോൾ ആയ കാലത്ത് നാട്ടിലെ കൃഷിപണിക്കെല്ലാം പോയിരുന്ന ഓർമകൾ തിരിച്ചു പിടിച്ച് കൃഷിയിടത്തിൽ ഇറങ്ങാൻ തീരുമാനിച്ചു ഈ നാൽപ്പത്തൊമ്പതുകാരൻ. കാരക്കൽ മുസ്ലീം ജമാഅത്ത് കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിന് കൊടുത്തു. റബ്ബർ തോട്ടത്തിന് നടുവിലെ ആ ചതുപ്പ് കാട് പിടിച്ച് കിടക്കുകയായിരുന്നു. തെളിച്ചു തരാൻ ചിലരോട് പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല. ജലീൽ ഒറ്റയ്ക്ക് തന്നെ അവിടം തെളിച്ചു. കൃഷിയുമിറക്കി.

പ്ലസ് ടു വിദ്യാർഥിയായ മകൻ അനസ് ബാപ്പയെ രാവിലെ കൃഷിയിടത്തിലെത്തിക്കും. ഉച്ചക്ക് ഭാര്യ ചോറു കൊണ്ടുകൊടുക്കും. വൈകീട്ട് മകൻ വന്ന് കൂട്ടികൊണ്ടുപോവും. അതാണ് ജലീലിന്റെ കൃഷിചര്യ. ടിപ്പുവെന്ന വളർത്തുനായയും കൂടെയുണ്ടാവും. ആരെങ്കിലും വന്നാൽ അവൻ കുരച്ച് വിവരം അറിയിക്കും. അങ്ങിനെ സഹജീവിസ്നേഹത്തിന്റെ പച്ചപ്പ് കൂടി കാണാമിവിടെ.

ഇനി ആരെങ്കിലും സ്ഥലം അനുവദിച്ചാൽ അവിടെയും കൃഷിയിറക്കാൻ തയ്യാറാണ്. വെറുതെയിരിക്കുന്നത് എനിക്കിഷ്ടമല്ല. ഈ നാട്ടിലെ മിക്ക പറമ്പിലും പണിയെടുത്തിട്ടുണ്ട്. കാഴ്ചയുള്ളയാളുടെ പണിവേഗതയോടെ തന്നെ മണ്ണ് കോരി കാലുകൊണ്ട് ഒതുക്കിവെച്ച്് ജലീൽ പറഞ്ഞു. തെങ്ങിൽ കയറി തേങ്ങയിടാനും ജലീലിന് കാഴ്ച വേണ്ട. കാഴ്ചയില്ലാത്തവർക്ക് കൃഷിയ്ക്കിറങ്ങാൻ താത്പര്യമുണ്ടെങ്കിൽ പരിശീലനം നൽകാൻ തയ്യാറാണെന്നും ജലീൽ പറയുന്നു.

അപകടം വന്നതോടെ ജിവിതത്തിന്റെ നടുക്കടലിൽ പെട്ടുപോയവനാണ് ഞാൻ. നാട്ടുകാർ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നാലും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെ്. അപകടത്തിനു ശേഷം കൂടെ കൂടിയ പ്രമേഹവും ഇപ്പോൾ വിട്ടുനിൽക്കുന്നു. ജലീലിന്റെ സന്തോഷം വാക്കുകളുടെ നീരൊഴുക്കായി കൃഷിയിടത്തിൽ നനയുന്നു. അനസിനെ കൂടാതെ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയായ അജ്മിയും ഭാര്യ നിസയും അടങ്ങിയ കുടുംബത്തെ ചെറിയകടയും കൃഷിയും കൊണ്ടാണിപ്പോൾ പുലർത്തുന്നത്. കോളനിയിലെ നാലുസെന്റും ചെറിയൊരുവീടുമാണ് സമ്പാദ്യം.