കോവിഡ് വ്യാപനത്തിനെതിരേ കേരളം കാഴ്ചവെച്ച പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ന്യൂസിലന്‍ഡ് മന്ത്രിസഭയിലെ മലയാളി അംഗമായ പ്രിയങ്ക രാധാകൃഷ്ണന്‍. മാതൃഭൂമി ന്യൂസിന്റെ വേക്കപ്പ് കേരള പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പല രാജ്യങ്ങളിലും കോവിഡ് തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അതുപോലെ തന്നെയാണ് കേരളത്തിലും സംഭവിച്ചത്. പക്ഷെ അത് വരെ കോവിഡിനെതിരേ കേരളം നടത്തിയ പോരാട്ടം പ്രശംസാവഹമാണെന്നും പ്രിയങ്ക പറഞ്ഞു.

'ജനസേവനം എന്ന ഒറ്റ ഉദ്ദേശം വെച്ചാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതു തന്നെ. സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് എന്റെ തുടക്കം. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഗുണം ചെയ്യാനാകും എന്നതാണ് മന്ത്രിസഭയിലേക്ക് വരുമ്പോഴുള്ള ഗുണം. അത് നന്നായി ചെയ്യുക. അത് ഞാന്‍ ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല.' പ്രിയങ്ക പറഞ്ഞു.