'ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങള്‍ ഓടിച്ചെന്ന് നോക്കുമ്പോഴേക്കും വീടിന്റെ പൊടിപോലും കാണാനില്ല...' ഇതു പറയുമ്പോള്‍ അമീറിന്റെ കണ്ണുകളില്‍ ഇപ്പോഴും ഭയം തളം കെട്ടിനില്‍ക്കുന്നത് കാണാം. കോട്ടയം മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഒരു വീട് പൂര്‍ണ്ണമായും പുഴയിലേക്ക് തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് അമീറായിരുന്നു.

കല്ലേപ്പാലം കൊല്ലംപറമ്പില്‍ ജെബിയുടെ വീടാണ് മണിമലയാറ്റില്‍ ഒലിച്ചുപോയത്. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ പകപ്പില്‍നിന്നും ഇപ്പോഴും മുക്തരായിട്ടില്ല നാട്ടുകാര്‍. താന്‍ ക്യാമറയില്‍ പകര്‍ത്തിയതും നേരില്‍ കണ്ടതുമായ ദൃശ്യങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് അമീര്‍.