ഉരുള്‍പൊട്ടലില്‍ ജീവിതംതന്നെ ഒലിച്ചുപോയിട്ടും പതറാതെ അറിവിന്റെ ലോകത്ത് വിജയക്കൊടി പാറിച്ച് ഗോപിക. പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ ഒറ്റരാത്രികൊണ്ട് ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ജി. ഗോപികയ്ക്ക് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം. അനാഥത്വത്തിന്റെയും വേദനയുടെയും കാലത്തായിരുന്നു ഗോപികയുടെ പഠനവും പരീക്ഷയും. എന്നാല്‍, ഇതിലൊന്നും തളരാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി മാതാപിതാക്കള്‍ക്കു വിജയാഞ്ജലിയര്‍പ്പിക്കുകയാണ് പട്ടം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഗോപിക.

പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ഗണേശന്‍, അമ്മ തങ്കം ഉള്‍പ്പെടെ ഗോപികയുടെ കുടുംബത്തിലെ 19 പേരാണ് മരിച്ചത്. ദുരന്തം സംഭവിച്ചതിന്റെ തൊട്ടുമുമ്പാണ് അച്ഛനും അമ്മയുമായി അവസാനമായി അവള്‍  സംസാരിച്ചത്. പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടുമെന്ന് അവര്‍ക്ക് വാക്കു നല്‍കിയിരുന്നു. ഒറ്റപ്പെടലില്‍ ഗോപിക തളര്‍ന്നില്ല, ആത്മവിശ്വാസത്തോടെ മുന്നേറി. വിജയത്തേക്കാള്‍ ഏറെ മാതാപിതാക്കള്‍ക്കു കൊടുത്ത വാക്കുപാലിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോപിക.